Tuesday, February 8, 2011

രൌദ്രം.

സൌമ്യയെന്നായിരുന്നു അവളുടെ പേര്. 
ലോകം പക്ഷെ അവളോട് ഒട്ടും സൌമ്യമായില്ല. 

കാമാർത്തരായ പിശാചുക്കൾ സമൂഹത്തിൽ എന്നുമുണ്ടായിരുന്നു. 
മദ്യപാനികളൂം അധർമ്മികളുമുണ്ടായിരുന്നു.
അതൊന്നും പുതിയ പ്രതിഭാസമല്ല. 

പക്ഷെ അവർക്കു ഭയക്കാൻ ധർമ്മത്തിന്റെ കാവലാളുകളുമുണ്ടായിരുന്നു സമൂഹത്തിൽ. 

സമൂഹമനസ്സാക്ഷി തന്നെയായിരുന്നു ആ കാവലാൾ. 
ദുർബ്ബലർക്കും അബലകൾക്കും അവലംബമായ പോലീ‍സ് അതുതന്നെയായിരുന്നു.  

വണ്ടിയിൽനിന്നൊരാൾ വീണെന്നുകേട്ടിട്ട് അപായച്ചങ്ങല വലിക്കാൻ ആരുമുണ്ടായില്ല. 
അത്രയ്ക്ക് നിർദ്ദയമായിപ്പോയി സമൂഹം.
അത്രയ്ക്ക് "തൻകാര്യംനോക്കി"കളായിപ്പോയി ആളുകൾ.


സമൂഹത്തിൽനിന്ന് സൌമ്യത വറ്റിപ്പോയിരിക്കുന്നു. 
രൌദ്രതയുടെ വിളയാട്ടമാണെങ്ങും.

ഉൽബുദ്ധം എന്നു പേരുകേട്ടിരുന്ന കേരളീയസമൂഹത്തിൽനിന്ന് ധാർമ്മികത പാടേ കൂടൊഴിഞ്ഞുവോ..!

ഈ പതനത്തിന്റെ ആഴമോർത്ത് നടുങ്ങാതിരിക്കാനാവില്ല.


ശിരസ്സ് കുനിഞ്ഞുപോകുന്നു. 
കദനഭാരംകൊണ്ട്, 
ആത്മനിന്ദകൊണ്ട്. 

കേഴുകെൻ പ്രിയനാടേ....

Monday, January 17, 2011

അറിവിന്റെ വഴിയിൽ.


ഹാജി. പി. മുഹമ്മത് ഹസ്സൻ
വിവരസാങ്കേതികവിദ്യ അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചതോടെ വിവരത്തിന്റെ സങ്കേതം മനുഷ്യമസ്തിഷ്ക്കത്തിൽനിന്ന് ഇലക്ട്രോണിക് ചിപ്പുകളിലേയ്ക്ക് മാറിയിരിക്കായാണല്ലോ. സ്വന്തം പേരല്ലാതെ മറ്റൊന്നും തലച്ചോറിൽ സൂക്ഷിക്കേണ്ട അത്യാവശ്യമില്ല എന്നതാണിപ്പോഴത്തെ സ്ഥിതി. ഓർമ്മയുടെ കലവറയുമായി  സഹായത്തിനായി കമ്പ്യൂട്ടറും  കാൽക്കുലേറ്ററും സന്തത സഹചാരിയെപ്പോലെ ഇപ്പോൾ ഓരോരുത്തരുടേയും കൂടെയുണ്ട്. ഒന്നും ഓർമ്മിച്ചുവെച്ച് ശീലമില്ലാതായതോടെ ‘രണ്ടും രണ്ടും ചേർന്നാൽ എത്ര’ എന്ന എന്ന ചോദ്യത്തിനു മുന്നിൽ പോലും ഒരുമാത്ര പകച്ചുനിൽക്കേണ്ട അവസ്ഥയായി എന്ന് അൽ‌പ്പം അതിശയോക്തി കലർത്തി പറയാം.
യുവാക്കളുടെ അവസ്ഥ ഇതായിരിക്കെ, എഴുപത്തിനാലാം വയസ്സിൽ ‘PUBLIC ADMINISTRATION'  എന്ന വിഷയത്തിൽ BBA എടുക്കുകയും അടുത്ത നാലു വർഷങ്ങളിൽ മറ്റൊരു വിഷയം (COUNSELLING) പഠിച്ച് എഴുപത്തിയെട്ടാം വയസ്സിൽ ആ വിഷയത്തിൽ EXECUTIVE DEPLOMA കരസ്ഥമാക്കുകയും ചെയ്തത് തീർച്ചയായും പരാമർശയോഗ്യമായ വാർത്ത തന്നെയാണ്.  അതുകൊണ്ട്തന്നെയായിരിക്കണം, ബിരുദദാനം നിർവ്വഹിച്ചുകൊണ്ട്‌ “താങ്കളെ ഓർത്ത് ഞാൻ അഭിമാനം കൊള്ളുന്നു” എന്ന് സർവ്വകലാശാലാ ചാൻസലർ മൊഴിഞ്ഞതും.
കേരളത്തിൽ കുന്നംകുളത്തിനടുത്തുള്ള കൊച്ചനൂർ ഗ്രാമത്തിൽ ജനിക്കുകയും യൌവ്വനത്തിൽ മലേഷ്യയിലേയ്ക്ക് കുടിയേറി പൌരത്വം സ്വീകരിക്കുകയും മലേഷ്യൻ വിദേശകാര്യവകുപ്പിൽ നയതന്ത്ര രംഗത്ത് ഏറെക്കാലം തിളങ്ങി വിരമിക്കുകയുംചെയ്ത ‘ഹാജി.പി.മുഹമ്മത് ഹസ്സൻ’ ആണ് ഈ നേട്ടത്തിന്റെ അവകാശി.

ചാൻസലറിൽ നിന്ന് ബിരുദം ഏറ്റുവാങ്ങിയപ്പോൾ.
ക്വാലാലം‌പൂരിലെ യൂണിവേഴ്സിറ്റി ഓഫ് മലായ, ചാൻസലർ ഹാളിൽ ഇക്കഴിഞ്ഞ ഡിസംബർ -18-നു നടന്ന CONVOCATION ചടങ്ങിൽ വെച്ച് വിവിധ വിഷയങ്ങളിൽ പഠനം പൂർത്തിയാക്കിയ ചെറുപ്പക്കാരായ 560 പേർക്കൊപ്പം അദ്ദേഹത്തിനു 'EXECUTIVE DEPLOMA IN COUNSELLING' എന്ന ബിരുദം നൽകുകയുണ്ടായി. മലേഷ്യയിലെ പല പത്രങ്ങളും കൌതുകപൂർവ്വം വാർത്തയും ചിത്രങ്ങളും നൽകുകയും അദ്ദേഹവുമായുള്ള അഭിമുഖം പ്രസിദ്ധീകരിക്കുകയും ചെയ്തു. (ചിത്രങ്ങൾ അന്യത്ര)


ബിരുദം ഏറ്റുവാങ്ങുമ്പോൾ ഹർഷാരവം മുഴക്കുന്ന സഹപാഠികൾ. ഇൻസെറ്റിൽ: മൂത്ത മകനും മകളുമൊത്ത് ബിരുദം നോക്കിക്കാണുന്നു. (പത്രത്തിൽ നിന്ന്‌)
കൌൺസിലിങ്ങ്  നല്കാൻ  സർക്കാർ തലത്തിൽനിന്ന് അംഗീകാരം ലഭിക്കുന്ന ഈ യോഗ്യത സമ്പാദിക്കാൻ തീരുമാനിച്ചത് പ്രശ്നസങ്കീർണ്ണതകളിൽ പെട്ട് മാനസികമായി വിഷമിക്കുന്ന സഹജീവികളെ കഴിയുന്നപോലെ സഹായിക്കാനുള്ള വഴി എന്ന നിലയിലാണെന്ന് അദ്ദേഹം പറയുന്നു. കുടുംബത്തിലും  സുഹൃദ്‌വൃന്ദത്തിലുള്ളവക്കും  തന്റെ ഈ നേട്ടം പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. (യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പോയിത്തുടങ്ങിയതോടെ പ്രായംചെന്ന പല  സുഹൃത്തുക്കളും തന്റെ പാത പിന്തുടർന്ന് വിവിധ കോഴ്സുകൾക്ക് ചേർന്നതായി അദ്ദേഹം ആഹ്ലാദത്തോടെ അനുസ്മരിച്ചു)

Friday, January 1, 2010

സ്നേഹാശംസകള്‍.....

സ്നേഹാനുഭവസമൃദ്ധമായ പുതുവര്‍ഷം

സുമനസ്സുകള്‍ക്ക്‌ ഭവിക്കട്ടെ...

ആശംസകള്‍..........

Friday, November 6, 2009

മനസ്സിലൊരു ജിപ്സി.

എഴുത്തുകാരനും ബുദ്ധിജീവിയുമായ സുഹൃത്തിന്റെ ഒരു ഇ-മെയില്‍ സന്ദേശം ഈയ്യിടെ എനിക്ക്‌ കിട്ടിയിരുന്നു. സാന്ദര്‍ഭികമയി അതില്‍ അദ്ദേഹം ജിപ്സികളുടേ ജീവിതത്തെ പരാമര്‍ശിക്കുകയുണ്ടായി. ജിപ്സികള്‍ മനസ്സിലേയ്ക്ക് ഒരു ചിന്താവിഷയമായി കടന്നു വരാന്‍ അതു നിമിത്തമായി.

ജിപ്സികളെപറ്റി എനിക്ക് കാര്യമായി ഒന്നും അറിഞ്ഞുകൂടാ എന്നതാണ്‌ വാസ്തവം. പക്ഷെ അവ്യക്തമായ ഏതൊക്കെയോ സങ്കല്‍പ്പസാമ്രാജ്യങ്ങളില്‍ എപ്പോഴൊക്കെയോ എന്നെ മോഹിപ്പിക്കുകയും മാടിവിളിക്കുകയും ചെയ്ത ഒരു സ്വപ്നമാണ്‌ ജിപ്സിത്വം. എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തമായി സര്‍വ്വതന്ത്ര സ്വതന്ത്ര്യത്തിന്റെ ലാഘവത്വം ആസ്വദിച്ചുകൊണ്ട് അപ്പൂപ്പന്‍താടി പോലെ അലയുന്നതിനെപ്പറ്റി വൃഥാ മനസ്സില്‍ കൊതിക്കാത്ത ആരും ഉണ്ടാകുമെന്നു തോന്നുന്നില്ല.

ആദര്‍ശങ്ങളുടെയും ഇസങ്ങളുടെയും പരമ്പരാഗതശീലങ്ങളുടെയും വ്യവസ്ഥാപിതമായ ചട്ടങ്ങളുടെയും കൃത്രിമത്തങ്ങളുടേയും ചങ്ങലക്കെട്ടുകള്‍ ഭേദിച്ച് പ്രപഞ്ചത്തിലെ നാനാവിധ സൃഷ്ടിജാലങ്ങളില്‍പെട്ട വെറും ഒരാത്മാവ് എന്ന കേവലമായ അസ്തിത്വം മാത്രം ആസ്വദിച്ച് കഴിയുക......... ആ രീതിയില്‍ വീണ്ടും വനാന്തരങ്ങളുടെ ആദിമസ്വച്ഛതയെ പുണരാന്‍ വെമ്പല്‍ കൊണ്ട ഒരു നിമിഷമെങ്കിലും ഏതൊരു മനുഷ്യജീവിയുടേയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാകും എന്നാണെന്റെ വിചാരം. അതെ, ജിപ്സിത്വത്തോടുള്ള ജൈവികമായ ഒരു ത്വര...

ആത്മാവിനെ ഉടുവസ്ത്രമണിയിക്കാത്തതും വെള്ളപൂശാത്തതുമായ ചിന്താലോകത്തെ നിഷ്ക്കളങ്കസ്ഥലിയില്‍ നിന്ന്, കാപട്യങ്ങളുടെയും മാത്സര്യങ്ങളുടേതുമായ ഇന്നിന്റെ പരുഷ യാഥാര്‍ത്ഥ്യങ്ങളുടെ ഭൂമികയിലേയ്ക്ക് എന്നെ സ്വയം പറിച്ചുനട്ട്‌ വെച്ചുകെട്ടലുകളുള്ള ആധുനിക മനുഷ്യന്റെ മുഖംമൂടിയണിഞ്ഞു ചിന്തിക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചിന്തകളാണ്‌ ഇനി പറയാനുള്ളത്..

മാനവരാശിക്ക് (!?) ജിപ്സികളില്‍ നിന്ന് ഉണ്ടായ സര്‍ഗ്ഗാത്മക സംഭാവനകളെക്കുറിച്ച് വല്ല പഠനവും നടന്നിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ സാഹിത്യരംഗത്തോ വൈജ്ഞാനികരംഗത്തോ കലാരംഗത്തോ ശാസ്ത്ര രംഗത്തോ ആ വര്‍ഗ്ഗത്തില്‍ നിന്ന് ഉയര്‍ത്തിക്കാണിക്കാവുന്ന വ്യക്തിത്വങ്ങള്‍ ഉണ്ടോ?

70- കളില്‍ സുഭദ്ര കുടുംബവ്യവസ്ഥിതിയെ നിരാകരിച്ച് ഇറങ്ങിത്തിരിച്ച യുവതലമുറയുടെ ജീവിതകഥ ഇന്ന് തിരിഞ്ഞുനോക്കി പരിശോധനാവിധേയമാക്കാവുന്നതാണ്‌. സാര്‍ത്രിന്റേയൂം കമ്യൂവിന്റെയും ‘എക്സിസ്റ്റന്‍ഷ്യലിസ'ത്തിന്റെ ലഹരിനിറഞ്ഞ അരാജകാശയങ്ങളില്‍ ആകൃഷ്ടരായി ഇറങ്ങിത്തിരിച്ച ഹിപ്പികള്‍ എന്നറിയപ്പെട്ട ആ യുവവിഭാഗം ഒരുതരത്തില്‍ ജിപ്സിത്വത്തെതന്നെയല്ലെ വരിച്ചത്‌? അവരുടെ ജീവിതം എങ്ങനെ ഒടുങ്ങിയെന്ന് അറിയാന്‍ ശ്രമിക്കുന്നത് കൌതുകകരമായ ചില സത്യങ്ങളെ അനാവരണം ചെയ്യാന്‍ ഉതകുമെന്നു തോന്നുന്നു.

കടല്‍തീരങ്ങളില്‍ നിന്ന് കടല്‍തീരങ്ങളിലേക്ക് അലഞ്ഞുതിരിഞ്ഞ ആ യുവാക്കളില്‍ ഭൂരിഭാഗവും ഫ്രീസെക്സും മയക്കുമരുന്നും വാദ്യോപകരണങ്ങളുമായി അരാജകജീവിതം നയിച്ചു. ഒടുവില്‍ ആരോഗ്യം തകര്‍ന്ന് മാരക ലൈംഗികരോഗങ്ങള്‍ക്കിരയായി പുഴുത്ത് മരിച്ചു എന്നാണ്‌ കേട്ടിട്ടുള്ളത്. ജിപ്സികളല്ലാത്തവര്‍ ജിപ്സിത്വം വരിച്ചാല്‍ വിജയിക്കില്ല എന്നല്ലേ അതിന്റെ പാഠം? അഥവാ, അതിനു പറ്റിയ ഒരു 'ഹാബിറ്റാറ്റ്" നിലവിലില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം ?

മലയാളിയായ ഒരു ജിപ്സിയെപറ്റി എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നു.. നമ്മുടെ പ്രശസ്തനായ എസ്.കെ.പൊറ്റെകാട്. അരിഷ്ടിച്ചു കിട്ടുന്ന കാശ് സ്വരൂപിച്ചുവെച്ച് ഒരു യാത്രക്ക് തികയുമ്പോള്‍ വീടുവിട്ടിറങ്ങിയ ചരിത്രമാണദ്ദേഹത്തിന്റേത്.. ഉള്ള കാശുകൊണ്ട് ലോകത്തിന്റെ മുക്കുമൂലകളിലേക്ക് ജിജ്ഞാസുവായ കുഞ്ഞിന്റെ കുതൂഹലത്തോടേ അദ്ദേഹം ചെന്നെത്തി. ഒരു ജിപ്സിമനസ്സ് അദ്ദേഹത്തിലും സജീവമായിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഓരോ യാത്രക്ക് ശേഷവും അദ്ദേഹം കുടുംബസ്ഥന്റെ കുപ്പായം വീണ്ടും എടുത്തണിഞ്ഞ് സ്വന്തം ലായത്തിലേക്ക് തിരിച്ചെത്തി.

ഏതാണ്ട്‌ ഒരു ജിപ്സി ജീവിതം വിജയകരമായി പൂര്‍ത്തിയാക്കി നമുക്കിടയിലൂടെ കടന്നുപോയ ഒരാളുണ്ട്‌. സാക്ഷാല്‍ മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍. ആഴമേറിയ ജുബ്ബാകീശയില്‍നിന്ന് മിഠായിയും കല്‍ക്കണ്ടത്തുണ്ടുകളും ഉണങ്ങിയ മുന്തിരിയും വാരിയെടുത്ത്‌ വഴിയ വന്ന കുഞ്ഞുങ്ങള്‍ക്ക്‌ വെച്ചുനീട്ടിയും ഹൃദയത്തില്‍ സദാ നിറഞ്ഞുതൂവിയ അനുരാഗമധുരം അതിനു പാത്രമായവര്‍ക്ക് നിര്‍ലോഭം നല്‍കിയും ഒരവധൂതനെപ്പോലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ അദ്ദേഹം അലഞ്ഞു. പ്രകൃതിയെപറ്റിയും പച്ചമനുഷ്യന്റെ വികാരവിചാരങ്ങളെ പറ്റിയും വാചാലമായി സ്വന്തം കവിതകളിലൂടെ സംസാരിച്ചു. നിതാന്തയാത്രകള്‍ക്കൊടുവില്‍ ഗോപസ്ത്രീകളുടെ നിത്യകാമുകനും തന്റെ ഇഷ്ടദൈവവുമായ കൃഷ്ണസന്നിധിയില്‍, ഗുരുവായൂരിലെ ഒരു സൌജന്യസത്രത്തില്‍ അദ്ദേഹത്തിന്റെ ജിപ്സിജീവിതവുമൊടുങ്ങി.

അത്തരത്തില്‍ ഒറ്റപ്പെട്ട ചില ഉദാഹരണങ്ങളുണ്ടെങ്കിലും, സാമൂഹികമായ ചട്ടക്കൂടിനകത്തേക്ക് പിറന്നു വീഴുകയും ആ ജീവിത സംബ്രദായം ഒരു പുതിയ തൊലിപോലെ ശരീരത്തോട് ചേരുകയും ചെയ്തവര്‍ക്ക് ജിപ്സി ജീവിതം ഒരു കാല്‍പ്പനിക സങ്കല്‍പ്പമായി മനസ്സിലിട്ടു നടക്കാന്‍ മാത്രമുള്ളതാണ്‌. അവര്‍ക്ക് ആ ജീവിതത്തിലേക്ക് കൂടുവിട്ട് കൂടുമാറല്‍ അസാദ്ധ്യം....

ഇനി ജിപ്സി ജീവിതത്തിന്റെ പ്രസക്തിയെപറ്റി ചിന്തിച്ചാലോ..! ജിപ്സികള്‍ മാത്രമുള്ള ഒരു ലോകത്തെപറ്റി സങ്കല്‍പ്പിച്ചുനോക്കുന്നത് രസാവഹമായിരിക്കും... എവിടെയും വേരുകളില്ലാതെ എല്ലാവരും അലഞ്ഞു തിരിഞ്ഞുകൊണ്ടിരിക്കുക...!! അതിനു ഭൂമി മതിയാകില്ല, ഏതന്‍തോട്ടം തന്നെ വേണ്ടിവന്നേക്കും...!!!!

എന്റെ മനസ്സിലെ വൈരുദ്ധ്യാത്മകമായ രണ്ടുതരം ചിന്തകളെപറ്റി ഞാനെഴുതി.. എന്റെ മനസ്സില്‍ ഒരു കാടന്‍ കുടിയിരിപ്പുണ്ട്; ഒരാധുനികനും. ഒരാളുറങ്ങുമ്പോള്‍ അപരന്‍ ഉണര്‍ന്നിരിക്കുന്നു.. ഇടയില്‍ ഇരുവരും ഒപ്പം ഉണരുകയും പരസ്പരം വഴക്കുകൂടുകയും എന്നെ അന്തമില്ലാത്ത ആശക്കുഴപ്പങ്ങളിലേക്ക് തള്ളിയിടുകയും ചെയ്യുന്നു.


ജിപ്സികളെപറ്റി, അവരുടെ ജീവിതത്തെ പറ്റി എനിക്ക് എന്തെങ്കിലുമൊക്കെ പറഞ്ഞു തരിക.

ആത്മാവിനേയും ചിന്തകളേയും അലയാന്‍ വിടുക.....

Sunday, September 27, 2009

സായൂജ്യം


സായൂജ്യം


വര്‍ഷപാതമായ്‌ ഞാന്‍ പെയ്തിറങ്ങാം .......

നിന്റെ കണ്ണീരിന്റെ ഉപ്പിലേക്ക്‌
ദുഃഖത്തിന്റെ ചതുപ്പിലേക്ക്

ആശങ്കയുടെ നിഴലുകളിലേക്ക്‌
ഭയത്തിന്റെ നിലവറകളിലേക്ക്‌

നിരാസത്തിന്റെ ശൂന്യതയിലേക്ക്‌
വിഷാദത്തിന്റെ ദൈന്യതയിലേക്ക്‌

പരിഭവത്തിന്റെ അമാവാസിയിലേക്ക്‌
പ്രതിരോധത്തിന്റെ കവചങ്ങളിലേക്ക്‌

മൌനത്തിന്റെ കയങ്ങളിലേക്ക്‌
സംയമനത്തിന്റെ വിശുദ്ധിയിലേക്ക്‌

വ്രതങ്ങളുടെ മുള്‍മുനയിലേക്ക്‌
ജാഗ്രതയുടെ വാള്‍ത്തലയിലേക്ക്‌

ചിന്തകളുടെ വെളിമുഖത്തേക്ക്‌
പ്രതീക്ഷകളുടെ പ്രതലങ്ങളിലേക്ക്‌

ആശയുടെ ആഴിയിലേക്ക്‌
വിശ്വാസങ്ങളുടെ അദ്രിയിലേക്ക്‌

മമതയുടെ മാധുര്യത്തിലേക്ക്‌
സൌഭാഗ്യത്തിന്റെ ശോഭകളിലേക്ക്‌

നിലാവായ്‌ ഞാന്‍ വീണലിയാം ........

നിന്റെ മോഹങ്ങളുടെ പൂവനിയിലേക്ക്‌
മന്ദസ്മിതത്തിന്റെ തിളക്കത്തിലേക്ക്‌

മൊഴികളുടെ കുളിരിലേക്ക്‌
മിഴികളുടെ ക്ഷണത്തിലേക്ക്‌

സൌന്ദര്യത്തിന്റെ സമ്മോഹനതകളിലേക്ക്‌
സാമീപ്യത്തിന്റെ ലഹരിയിലേക്ക്‌

തനുവിന്റെ സ്നിഗ്ദ്ധതയിലേക്ക്‌
അനുഭൂതിയുടെ പുഷ്പങ്ങളിലേക്ക്‌

ദാഹത്തിന്റെ അഗ്നിയിലേക്ക്‌
രഹസ്യങ്ങളുടെ മധുവനിയിലേക്ക്‌

സ്പര്‍ശത്തിന്റെ കനിവിലേക്ക്‌
നിശ്വാസത്തിന്റെ ഊഷ്മളതയിലേക്ക്‌

ലാസ്യത്തിന്റെ പൂമെത്തയിലേക്ക്‌
ഹര്‍ഷത്തിന്റെ പൂഞ്ചിറകിലേക്ക്‌


കിനാവുകളുടെ വര്‍ണ്ണരാജിയിലേക്ക്‌
വികാരങ്ങളുടെ തടാകത്തിലേക്ക്‌

അഴകിന്റെ പൊരുളുകളിലേക്ക്‌
ആവേശത്തിന്റെ അലമാലകളിലേക്ക്‌

ആനന്ദത്തിന്റെ ഉല്‍സവങ്ങളിലേക്ക്‌
അഭിനിവേശത്തിന്റെ ഉന്മാദത്തിലേക്ക്‌

നിര്‍വൃതിയുടെ മധുകണങ്ങളിലേക്ക്‌
സംതൃപ്തിയുടെ പുലരികളിലേക്ക്‌.....

-----------------------------------------

Saturday, August 22, 2009

ആശംസകള്‍....



സമത്വസുന്ദരമായ
ഭൂതകാലത്തിന്റെ
സ്മരണകളുമായെത്തുന്ന
തിരുവോണവും
പുണ്യംപുലരുന്ന
വ്രതകാലവും
സംഗമിക്കുന്ന വേളയില്‍
എല്ലാ സുമനസ്സുകള്‍ക്കും
ഹൃദയംഗമമായ ആശംസകള്‍....

-----------------------

Saturday, May 2, 2009

ഭ്രൂണവിലാപം


ഭ്രൂണവിലാപം


വളരെ സുഖകരമാണീ അവസ്ഥ.

ഏറെ ഊഷ്മളം, അതീവ ഹൃദ്യം .

എന്റെ കൈവിരലുകള്‍, കാല്‍പ്പാദങ്ങള്‍

രൂപംകൊണ്ടുതുടങ്ങിയിരിക്കുന്നു.....



അമ്മയുടെ മാര്‍ത്തടത്തിന്റെ മസൃണതയും

അച്ഛന്റെ ദൃഡപേശികളരുളുന്ന സുരക്ഷയും

എന്നെ കാത്തിരിക്കുന്ന അനുഗ്രഹങ്ങളാണ്‌..

പ്രതീക്ഷാനിര്‍ഭരമാണെന്റെ ഹൃദയം...




പുറത്ത്‌ കളിയും ചിരിയും.

അതെന്റെ ചേച്ചിയുടേതാകാം,

കൊച്ചുചേട്ടന്റേതാകാം.

അവര്‍ എന്റെ ശബ്ദത്തിനു കാതോര്‍ത്ത്‌

ചെവി വട്ടംപിടിക്കുന്നത്‌ ഞാനറിയുന്നു...



കളിപ്പാട്ടങ്ങളുടെ സമൃദ്ധിയും

കിളികളുടെ കളകൂജനങ്ങളും

കുളിരോലുന്ന നിലാസ്പര്‍ശവും

വിളംബംവിനാ ഞാനറിയുകയായി....



ഓ..... എന്റെ സ്വച്ഛതയിലേക്ക്‌

എന്തോ കടന്നുകയറുന്നുവല്ലോ.....!

ലോഹനിര്‍മ്മിതമായ ഉപകരണങ്ങള്‍......!

വേദന..... ദുസ്സഹമായ വേദന......

എന്തോ കുഴപ്പമുണ്ട്‌......



ഇനിയും തെളിഞ്ഞിട്ടില്ലാത്ത എന്റെ കണ്ണുകള്‍

കുത്തിപ്പൊട്ടിക്കുകയാണ്‌....

എന്റെ നെഞ്ചിലേക്ക്‌ കത്തി തുളയുന്നു...

അരുതമ്മേ...എനിക്ക്‌ പിറക്കണം.

എനിക്ക്‌ നിങ്ങളുടെ മകനാകണം.....



മരവിപ്പ്‌ പടരുന്നു.....അന്ധകാരവും.

ഇല്ല.... എനിക്കിനി ജീവിതമില്ല.

എല്ലാം തകര്‍ന്നു.....

ഞാന്‍ ഇരുളിലേക്ക്‌ മടങ്ങുകയാണ്‌.......


--------------------------------



Wednesday, February 11, 2009

അകത്തേക്കൊഴുകുന്ന കണ്ണീര്‍ ......














അനിയന്റെ സ്ഥാനത്ത്‌
അവരോധിതനായവന്‍
അരങ്ങൊഴിഞ്ഞു.........

** ** ** **

നിന്റെ അസംഖ്യം സുഹൃത്തുക്കളുടെ മുന്നില്‍ എന്നെ നിര്‍ ത്തി
'ഇതെന്റെ ഫസ്റ്റ് കസിനാണെ'ന്ന് നീയിനി പറയില്ല...
സ്കൂള്‍ കാലഘട്ടത്തെ അനുസ്മരിച്ച്
"നിങ്ങളെ സ്റ്റേജില്‍കണ്ടപ്പോള്‍ഞാന്‍ കോരിത്തരിച്ചു" എന്നു മൊഴിഞ്ഞ്‌
എന്റെ ആത്മാഭിമാനത്തില്‍ പീലികൊണ്ടുഴിയില്ല...........

ഭൂതകാലത്തെ ഓര്‍മ്മപ്പെടുത്തി
നൂറ്റിയൊന്നാം തവണയും
പഴങ്കഥകള്‍ പറയിക്കില്ല.
കഥകേട്ടു വിസ്മയക്കണ്ണുമായ്‌
നീയിനിയും എന്നെനോക്കിയിരിക്കില്ല.........

നഗരത്തിലെ അനാഥത്വത്തില്‍
നിന്റെ അര്‍ദ്ധശയ്യ ഇനിയുമെനിക്ക്‌
അഭയസ്ഥാനമാവില്ല.......

ഫ്ളാറ്റില്‍ നിന്റെ സംഘാടനത്തില്‍
'മെഹ്ഫിലു'കളുണരുന്നതില്‍
പാടാന്‍ ഇനിയെന്നെ പ്രേരിപ്പിക്കില്ല.
എന്റെ പടുപാട്ടിനു തലയിളക്കി
ഇനി നീ പ്രോല്‍സാഹിപ്പിക്കില്ല.........

താളവാദ്യത്തില്‍ സംഗീതമുണര്‍ത്താന്‍
നിന്റെ വിരലുകളിനി ചലിക്കുകയില്ലാ..
നീയുള്ളിടത്തുനിന്നെല്ലാം ഉയര്‍ന്നു കേള്‍ക്കുമായിരുന്ന
മൂളിപ്പാട്ടുകളും ഇനിയില്ല......

സുഹൃദ്സദസ്സുകളില്‍
നിറഞ്ഞുനില്‍ക്കുന്ന വെളിച്ചമായ്
നിന്നെയിനികാണില്ല...
സ്വന്തവും പരകീയവുമായ
തമാശക്കഥകളുടെ കെട്ടഴിച്ച്
പൊട്ടിച്ചിരികളുണര്‍ത്താന്‍ ഇനി നീയില്ല....

എന്റെ ഏകാന്തതയുടെ കനംകുറക്കാന്‍
പ്രസാദമധുരമായ വാക്കുകളുമായ്‌
സുദീര്‍ഘമായ ഫോണ്‍കാളുകള്‍
ഇനി എന്നെത്തേടിയെത്തില്ല....

എന്റെ ആജ്ഞകള്‍ ശിരസാവഹിക്കാന്‍
എന്റെ കുഞ്ഞനിയനായ്
നീയിനി നിന്നുതരില്ല.........
** ** ** **

നിന്റെ ഘടികാരം നിലച്ചിരിക്കുന്നു.......

'ശജറത്തുല്‍ മുന്‍ തഹ'യില്‍ നിന്ന്
ആരുടെ നാമം വഹിക്കുന്ന ഇലയ്ക്കാണ്‌
പൊഴിയാന്‍ അടുത്ത ഊഴം എന്നാര്‍ക്കറിയാം ....

"അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമാണ്‌
അനന്തമായ സമയമുള്ളത്"
അതിന്റെ താഴും താക്കോലും
അവന്റെ കയ്യില്‍ തന്നെ.....

എന്റെ ഹൃദയം പ്രാര്‍ഥനാ നിര്‍ഭരമാകുന്നു..
നിന്റെ പാപവിമോചനത്തിന്‌..
നിന്റെ സുദീര്‍ഘനിദ്രാസൌഖ്യത്തിന്‌.,
നിന്റെ പരലോകമോക്ഷത്തിന്‌....
നാകലോകത്തെ നമ്മുടെ പുനഃസമാഗമത്തിന്‌............

യാ...ഇലാഹീ.......


---------------------------

(അകാലത്തില്‍ പൊലിഞ്ഞുപോയ ആത്മസുഹൃത്ത്...അനുജന്‍.. ഒല്ലാശ്ശേരി റസ്സാക്കിന്റെ ഓര്‍മ്മയില്‍ ..
റസ്സാഖ് 12-01-07-നു അബൂദാബിയില്‍ വെച്ച് അന്തരിച്ചു. 13-നു നാട്ടില്‍ ഖബറടക്കം നടന്നു.)
ചുറ്റും സൌഹൃദത്തിന്റെ കാന്തി പരത്തിക്കൊണ്ട്‌ നിലാത്തിരിപോലെ പ്രകാശിച്ച്‌ പൊടുന്നനെ അണഞ്ഞുപോയ സ്നേഹസാന്നിദ്ധ്യം .........
നഷ്ടബോധത്തിന്റെ വിങ്ങലുകളാല്‍ വീര്‍പ്പുമുട്ടിക്കുന്ന ഒരോര്‍മ്മ...........

റസ്സാക്കിന്റെ ഛായാചിത്രം ഒരുക്കിയത്‌:
പി. എ. യൂസഫ്‌, കൊച്ചനൂര്‍ (യൂസഫ്‌പ എന്ന ബ്ലോഗര്‍)


Wednesday, December 31, 2008

വര്‍ഷപ്പകര്‍ച്ചയുടെ നേരം .......


ആയുസ്സിന്റെ പുസ്തകത്തില്‍ നിന്ന്‌ ഒരേടുകൂടി പുറകോട്ട് മറിക്കപ്പെടുന്നു.....
ഓര്‍ത്തോമനിക്കാനും വിഷാദിക്കാനും ഒട്ടേറെ മനസ്സിലിട്ടുതന്നുകൊണ്ട്‌ഒരു വര്‍ഷം കൂടി വിട പറയുന്നു...

പോയ വര്‍ഷത്തിലേയ്ക്ക്‌ മനസ്സുകൊണ്ട്‌ ഒരു മടക്കയാത്ര നടത്തുമ്പോള്‍, പ്രസാദാത്മകമായ ചിത്രങ്ങളേക്കാള്‍ കാളിമപുരണ്ട കലുഷചിത്രങ്ങളാണ്‌ മനസ്സു നിറയെ.

ദാരിദ്ര്യ ദുഃഖം,
പരിസരമലിനീകരണം,
തേഞ്ഞുതീരുന്ന വനമേഖല,
ജീവജാലങ്ങളുടെ വംശനാശം,
അന്യം നിന്നുപോകുന്ന സാംസ്കാരിക ഈടുവെപ്പുകള്‍ ,
വിനഷ്ടമാകുന്ന ഗുരുത്വം,
കൂസലന്യേ കൊണ്ടുനടക്കുന്ന വഴിപിഴച്ച ബന്ധങ്ങള്‍ ,
അടിച്ചേല്‍പ്പിക്കപ്പെടുന്ന യുദ്ധങ്ങള്‍ ,
അന്യായമായി തടങ്കല്‍പ്പാളയങ്ങളീല്‍ ഒടുങ്ങിപ്പോകാന്‍ വിധിക്കപ്പെട്ട ജന്‍മങ്ങള്‍,
അരങ്ങുതകര്‍ത്താടുന്ന അനീതിയുടെ കിരാതവേഷങ്ങള്‍,
അനീതിക്കിരയാകുന്നവരുടെ വനരോദനങ്ങള്‍,
ബധിരകര്‍ണ്ണങ്ങളീല്‍ വീഴുന്ന വിലാപങ്ങള്‍ ..
ധാര്‍മ്മികതയുടെയും നൈതികതയുടേയും വംശനാശം,
പരിശുദ്ധി വഴിഞ്ഞിരുന്ന ഗൃഹാന്തരീക്ഷത്തിലേക്ക്‌ "ആന്റിന"കള്‍ വഴി അസാന്‍മാര്‍ഗ്ഗികതയുടെ അധിനിവേശം..

ചാനലുകളുടെ വിഷപ്രയോഗങ്ങളാല്‍ മലിനമാകുന്ന മനോതലങ്ങളും അതനിവാര്യമാക്കുന്ന സാമൂഹിക പ്രതിസന്ധികളും,
"എയ്‌ഡ്‌സി"ന്റെ മരണക്കയത്തിലേക്ക്‌ നീന്തിയടുക്കാന്‍ പാകത്തില്‍ മൂന്നാം ലോകത്തിനും ശീലമായിക്കൊണ്ടിരിക്കുന്ന അരാജക ലൈംഗികത,
വര്‍ഗ്ഗീയതയുടെ അഗ്നിയെരിയുന്ന ഗലികളില്‍ ചോരയോടുചേര്‍ന്നു ചാലിടുന്ന കണ്ണീരരുവികള്‍,
ഹോട്ടലുകളില്‍ അന്നത്തിന്റെ മുന്നിലിരിക്കുന്നവരുടെ നെഞ്ചിലേക്ക് ഉന്നംപിടിക്കുന്ന ക്രൂരതയായി വഴിതെറ്റിപ്പോകുന്ന പ്രതിഷേധമാര്‍ഗ്ഗങ്ങള്‍ ……..തീവ്രവാദഭീഷണീകള്‍ ....
കട്ടവനെകണ്ടില്ലെങ്കില്‍ കണ്ടവനെ പിടികൂടുന്ന ഭരണകൂടഭീകരതകള്‍ ....
കുളം കലക്കി മീന്‍പിടിക്കാന്‍ നോക്കുന്നവരുടെ ചതിപ്രയോഗങ്ങള്‍ ...
സര്‍വ്വനാശത്തിന്റെ കേളിക്കൊട്ടുയര്‍ത്തുന്ന ആണവസഹകരണങ്ങള്‍ അഭിമാനപൂര്‍വ്വം കൊണ്ടാടപ്പെടുന്നതിന്റെ വൈരുദ്ധ്യങ്ങള്‍,
വര്‍ണ്ണക്കടലാസ്സില്‍ വെച്ചു നീട്ടുന്ന ഉദാരവല്‍ക്കരണത്തിന്റെ വിഷഗുളികകള്‍,
കുരങ്ങന്റെ അപ്പംപങ്കിടലിനെ അനുസ്മരിപ്പിക്കുന്ന അന്താരാഷ്ട്ര മാദ്ധ്യസ്ഥ പ്രഹസനങ്ങള്‍,

അധിനിവേശത്തിന്റെ പല്ലിടുക്കിലരയുന്ന ഇറാഖിയന്‍, ഫാലസ്തീനിയന്‍ യൌവ്വനങ്ങള്‍,
ഉപരോധത്തില്‍പ്പെട്ട്‌ ചക്രശ്വാസം വലിക്കുന്ന ഇറാനിയന്‍ ശൈശവങ്ങള്‍,
ആഗോളവല്‍ക്കരണം ഊതിവീര്‍പ്പിച്ചുവെച്ചിരുന്ന കുമിള പൊടുന്നനെയുടഞ്ഞപ്പോള്‍ ആവിയായിപ്പോയ ബാങ്കിങ് മേഖലയും രാഷ്ട്രങ്ങളുടെ സാമ്പത്തികസുസ്ഥിതിയും,
പിന്നെയും പിന്നെയും കനം കുറഞ്ഞുകൊണ്ടിരിക്കുന്ന സാധാരണക്കാരന്റെ മടിശ്ശീലകള്‍,


അങ്ങനെയങ്ങനെ.....

പോയ വര്‍ഷം വെച്ചുനിട്ടുന്ന പാഥേയത്തില്‍ കല്ലും കുപ്പിച്ചില്ലുകളുമെമ്പാടും...

അതോടൊപ്പം ,

എല്ലാറ്റിനേയും നിര്‍വ്വികാരതയോടെ ഏറ്റുവാങ്ങാന്‍ ശീലിച്ച ഷണ്ഡീകൃതമായ പ്രതികരണശേഷിയുമായി സമൂഹം...
"അവനവനിസ"ത്തിന്റെ മാളത്തിലേയ്ക്ക്‌ വലിയുന്ന അണുകുടുംബങ്ങള്‍,
എല്ലാറ്റിനേയും ഒരു ഹോളിവുഡ്‌ സിനിമയുടെ എക്സ്റ്റന്‍ഷന്‍ മാത്രമായി കാണാന്‍ ലാഘവത്വം സിദ്ധിച്ച യുവമനസ്സുകള്‍ ...


ഉള്ളിന്റെയുള്ളില്‍ കരുണയുടെയും കനിവിന്റെയും മമതയുടേയും അനുതാപത്തിന്റെയും നെയ്ത്തിരി കാറ്റില്‍ക്കെടാതെ കൊണ്ടുനടക്കുന്നവര്‍ക്ക്‌ വിടപറയുന്ന വര്‍ഷങ്ങള്‍ മനസ്സില്‍ ബാക്കിയിടുന്നത്‌ വേവും വേപഥുവും സമ്മാനിക്കുന്ന ചിത്രങ്ങള്‍ മാത്രം....

വര്‍ഷപ്പകര്‍ച്ചയുടെ സായന്തനത്തില്‍ മനസ്സിലെരിയുന്നത്‌ വ്യഥിത ചിന്തകള്‍ .......

ആകുലതകല്‍ക്കിവിടെ പഞ്ഞമില്ല.....

എങ്കിലും,

അതീതഭൂതകാലത്തിന്റെ ആകാശങ്ങളില്‍ ഇനിയും അണയാന്‍ കൂട്ടാക്കാതെ മുനിഞ്ഞുകത്തുന്ന നക്ഷത്രങ്ങള്‍ പ്രകാശരശ്മികള്‍ നീട്ടിത്തന്ന് മനുഷ്യകുലത്തിന്‌ വഴിതെളിച്ചേക്കാം....
വഴികള്‍ വീണ്ടും ഇരുള്‍ നീങ്ങി തെളിഞ്ഞേക്കാം ...
നമുക്ക് ശുഭാപതി
വിശ്വാസികളാകാം..
ഒരു പിന്‍വിളിക്ക്‌ കാതോര്‍ക്കാം

ഒരു തിരിഞ്ഞു നടത്തം അനിവാര്യമാണ്‌.

പിറക്കാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഭൂമി സമാധാനമറിയട്ടെ.....


----------------------------------------------

Thursday, November 27, 2008

ഗതി

ഗതിയുടെ കാര്യം
ആലോചിച്ചാല്‍
വലിയ തമാശതന്നെയാണ്……


പുരോഗതിയില്‍ നിന്ന്‌
പുരോഗതിയിലേയ്ക്ക്‌
കുതിക്കുന്നവരും
അധോഗതിയില്‍ നിന്ന്
അധോഗതിയിലേക്ക്
പതിക്കുന്നവരും
സ്ഥിതിഭേദമില്ലാതെ സദാ
മിതാവസ്ഥയാലനുഗ്രഹീതരും..….


പതനം എളുപ്പവും
ഉത്ഥാനം കടുപ്പവുമാണത്രെ…..


എങ്ങനെ വീണാലും
നാലുകാലിലാവുന്നവരും
എത്ര താങ്ങിയാലും
നേരെനില്‍ക്കാനാകാത്തവരുമുണ്ട്‌……


ചതിപ്രയോഗത്താല്‍
ഗതിതടയപ്പെട്ടവരുണ്ട്‌
ഭാഗ്യക്കുറിനേടുകയാല്‍
ഗതികേടിന്നറുതിയായവരും .........


കുഴിയുടെ ആഴത്തില്‍നിന്ന്‌
കഷ്ടതയേറെയറിഞ്ഞ്
കഷ്ടിച്ച്‌ കരേറിയവരുണ്ട്‌.
സൌഭാഗ്യ ശൃംഗമേറി
സുഖഭോഗരസം നുണഞ്ഞനന്തരം
പാതാളത്തിലേക്കാപതിച്ചവരും........


ദുര്‍ഗതി സ്വയംവരിച്ചവരും
അതടിച്ചേല്‍പ്പിക്കപെട്ടവരുമുണ്ട്‌.
സത്ഗതി അടിച്ചെടുത്തവരുണ്ട്‌
അത് വീണുകിട്ടിയവരുമുണ്ട്‌……..


ഗതിയുടെ ഗുട്ടന്‍സ്
തേടിയിറങ്ങിയവരാരും
സംഗതിയിതുവരേയും
തപ്പിയെടുത്തതായറിവില്ല.


വിധിവിഹിതമത്രെ
ഗതിവിഗതികളുടെ കാര്യം...….

---------------------------------